എ എസിന്റെ വരകള്‍ കണ്ടറിഞ്ഞതിനേക്കാള്‍ കൂടുതല്‍ വായിച്ചറിയുകയായിരുന്നു. എഎസിന്റെ 25-ാം ചരമവാര്‍ഷികത്തില്‍ കോഴിക്കോട് ലളിതകലാ അക്കാദമിഹാളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായപ്പോഴാണ് ഇത്രയധികം 'എഎസ് വര'കള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞത്. ഏകദേശം അന്‍പതോളം 'ഒറിജിനല്‍' ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ഒറിജിനല്‍ എന്നുപറഞ്ഞത്, ആര്‍ട്ടിസ്റ്റ് നേരിട്ട് പേപ്പറില്‍ വരച്ച ചിത്രങ്ങളെ ഉദ്ദേശിച്ചാണ്. നമ്മള്‍ കാണുന്ന പ്രിന്റ് ചെയ്തു ചിത്രങ്ങളെല്ലാം തന്നെ ഒരുകണക്കിന് എഡിറ്റ് ചെയ്തിട്ടാണ് വരുന്നത്. എല്ലാ 'അണ്‍വാണ്ടഡ്' വരകളും പാടുകളും മായ്ച്ച/മാസ്‌ക് ചെയ്ത് ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ക്രോപ്പ് ചെയ്ത് വരുന്നവ. ഇക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ പരിപാടിയെല്ലാം വളരെ എളുപ്പവുമാണ്. കമ്പ്യൂട്ടര്‍ ഇല്ലാതിരുന്ന കാലത്ത്, ലേ-ഔട്ട് ആര്‍ട്ടിസ്റ്റ് (ഇന്നത്തെ ലേ ഔട്ട് ആര്‍ട്ടിസ്റ്റ്?) പ്ലേറ്റില്‍/ഫിലിമില്‍ ഇതെല്ലാം അതിവിദഗ്ദമായി മാന്വല്‍ ആയി മായ്ച്ചുകളഞ്ഞിട്ടുണ്ടാവും.
എന്നാല്‍ ഒറിജിനല്‍ ചിത്രങ്ങളിലെല്ലാം തന്നെ മായാതെ കിടക്കുന്ന പെന്‍സില്‍ സ്‌കെച്ചുകളും, പേപ്പറിന്റെ ചുളിവുകളും അനാവശ്യമായി വന്ന കറുത്ത വര മായ്ക്കാന്‍ വേണ്ടി 'ടച്ച്' ചെയ്ത വെളുത്ത പോസ്റ്റര്‍ കളറിന്റെ മങ്ങിയ നിറവും, ആര്‍ട്ടിസ്റ്റിന്റെ കൈപ്പാടുകളും മായാതെ കിടക്കുന്നുണ്ടാവും. അവ നമ്മളെ ആ ചിത്രങ്ങളുടെ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും, ഇവ കാണുമ്പോള്‍തന്നെ ഈ ചിത്രങ്ങളുടെ പുറകിലുള്ള അധ്വാനത്തെ, പരിശ്രമത്തെ നാം അറിയാതെ നമിക്കും.

എ എസ് എന്ന ഡിസൈനര്‍/
സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാവും എഎസ് ചിത്രങ്ങളെല്ലാം തന്നെ മനോഹരമായി ലേ ഔട്ട് ചെയ്യാവുന്ന രീതിയിലായിരിക്കും വരച്ചിട്ടുണ്ടാവുക. ചിത്രം ടെക്‌സ്റ്റില്‍നിന്ന് വേറിട്ടുനില്‍ക്കാതെ ടെക്സ്റ്റിലേക്ക് വേരാഴ്ത്തി നില്‍ക്കുന്നുണ്ടാവും.

മിക്കവാറും ചിത്രങ്ങളെല്ലാം തന്നെ സ്‌പ്രെഡ് പേജില്‍ വയ്ക്കാന്‍ പറ്റുന്ന രീതിയില്‍ വൈഡ് ഫോര്‍മാറ്റിലാണ് ഉള്ളത്. അക്കാലത്ത് ഇത് എങ്ങെനെ ലേ ഔട്ട് ചെയ്തിരുന്നു എന്ന് അറിയില്ല. മിക്കവാറും ചിത്രങ്ങളും വൈഡ് ഫോര്‍മാറ്റിലുള്ള ബാക്ക് ഗ്രൗണ്ടില്‍, വെര്‍ട്ടിക്കല്‍ ആയി നില്‍ക്കുന്ന സബ്ജക്‌റ്റോടുകൂടിയതാണ്. ഒരു പ്ലസ്(+) ആകൃതിയില്‍





എ എസ് ചിത്രങ്ങളില്‍ ബാക്ക് ഗ്രൗണ്ട് ചിത്രീകരിക്കുന്നതും വളരെ കൗതുകകരമായിരിക്കും. മിക്കവാറും ആര്‍ട്ടിസ്റ്റുകള്‍ രണ്ടു ലെയറുകള്‍ (ബാക്ക് ഗ്രൗണ്ട്+കഥാപാത്രങ്ങള്‍)കൊണ്ട് തൃപ്തിപ്പെടുമ്പോള്‍, എ എസ് മൂന്നും നാലും ലെയറുകളാണ് ചിത്രങ്ങള്‍ക്കു നല്‍കുന്നത്. ഇത് ചിത്രങ്ങള്‍ക്ക് വല്ലാത്ത ഒരു ഡയമെന്‍ഷന്‍ നല്കുന്നു. ഇന്നത്തെ 3ഡി സിനിമകള്‍ക്കു ചെയ്യുന്ന ബാക്ഗ്രൗണ്ടുകള്‍ ഇത്തരം മൂന്നും നാലും(ചിലപ്പോള്‍ അതിലധികവും) ലെയറുകളില്‍ ബാക്ഗ്രൗണ്ട് ചെയ്തു കാണാറുണ്ട്. കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ എഎസ് പുറകിലുള്ള ചടുലമായ/ശാന്തമായ പ്രകൃതിക്കും പ്രാധാന്യം നല്കാറുണ്ട്. മരങ്ങളെല്ലാം തന്നെ എ എസിന്റെ പുരുഷകഥാപാത്രങ്ങളെപ്പോലെ ബലിഷ്ഠബാഹുക്കളോടുകൂടിയവയായിരിക്കും.

യയാതി
ഖണ്ഡേക്കറുടെ യയാതിക്കുവേണ്ടി എ എസ് വരച്ച ചിത്ര്ങ്ങള്‍ ഏറെ പ്രശസ്ഥമാണല്ലോ, ഭാരതീയ ശില്പകലയുടെയും കേരളീയ ചുമര്‍ചിത്രകലയുടെയും സ്വാധീനങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഫഌറ്റ് ആയി കറുപ്പില്‍ എങ്ങനെ കഥാപാത്രങ്ങളെ ശക്തമയിഅവതരിപ്പിക്കാംഎന്ന് ഈ ചിത്രങ്ങള്‍ കാണിച്ചുതരുന്നു.


ഈ ചിത്രങ്ങള്‍ എ എസിന്റെ മാസ്റ്റര്‍ പീസ് തന്നെയാണ്. അതിവിദഗ്ദമായി ചിത്രം പേജില്‍ ബാലന്‍സ് ചെയ്യുന്നരീതിയില്‍ വരയ്ക്കാനുള്ള എ എസിന്റെ കഴിവ് ഈ ചിത്രങ്ങള്‍ കാണിച്ചു തരുന്നു. ഈ ചിത്രങ്ങള്‍ പേജില്‍ വച്ച് ഒഴിഞ്ഞ സ്ഥലത്ത് മാറ്റര്‍ വയ്ക്കുമ്പോള്‍ സ്വാഭാവികമായും പേജ് ബാലന്‍സ് ആവുന്ന രീതിയിലാണ് ഇവ വരയ്ച്ചിട്ടുള്ളത്. ഇനി അഥവാ പേജ് ബാലന്‍സ് ആവാതെ വരുന്ന സ്ഥലങ്ങളില്‍ വയ്ക്കാനുള്ള 'മോട്ടിഫ്' ഇമേജുകളും യയാതിയിലുടനീളം കാണാം.

സാറ
സിവി ബാലകൃഷ്ണന്റെ 'ആയുസിന്റെ പുസ്തക'ത്തില്‍ എഎസ് വരച്ച സാറയുടെ നൂഡ് അത്രപെട്ടന്ന് മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കുകയില്ല. ഒരു സ്ത്രീയുടെ ഫ്രണ്ടല്‍ നൂഡിറ്റി മറ്റേതെങ്കിലും സന്ദര്‍ഭത്തില്‍ എ എസ് പകര്‍ത്തിയതായി അറിവില്ല. എ എസിന്റെ സ്ത്രീകളെല്ലാം തന്നെ വലിയകണ്ണുകളും വിഷാദമുഖവുമുള്ളവരാണ്. പുരുഷന്മാരെല്ലാം തന്നെ ഉയരം കുറഞ്ഞ ബലിഷ്ഠകായന്മാരും. അന്യഭാഷാ കഥകള്‍ക്കു ചിത്രം വരക്കുമ്പോള്‍ മാത്രം എസ് സ്ത്രീകളെ സര്‍വ്വാഭരണ വിഭൂഷകരാക്കാന്‍ മറക്കാറില്ല.

എ.എസിന്റെ ഔട്ട് ഡോര്‍ ചിത്രങ്ങള്‍ കണ്ടാല്‍തന്നെ അദ്ദേഹത്തിന്റെ അപാരമായ നിരീക്ഷണപാടവും മനസ്സിലാക്കാന്‍സാധിക്കും. അല്ലെങ്കിലും കാറല്‍മണ്ണഗ്രാമത്തില്‍ ജനിച്ച, അത്യന്തം ദരിദ്രമായ ചുറ്റുപാടുകളോട് പടവെട്ടി, നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലായി ഉണ്ടായിരുന്ന അത്തിപ്പറ്റ ശിവരാമന്‍, എഎസ് എന്ന ചിത്രകാരനായത് അദ്ദേഹത്തിന്റെ അപാരമായ നിരീക്ഷണ പാടവം ഒന്നുകൊണ്ടുമാത്രമായിരിക്കണം.