17 August 2013എ എസിന്റെ വരകള്‍ കണ്ടറിഞ്ഞതിനേക്കാള്‍ കൂടുതല്‍ വായിച്ചറിയുകയായിരുന്നു. എഎസിന്റെ 25-ാം ചരമവാര്‍ഷികത്തില്‍ കോഴിക്കോട് ലളിതകലാ അക്കാദമിഹാളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായപ്പോഴാണ് ഇത്രയധികം 'എഎസ് വര'കള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞത്. ഏകദേശം അന്‍പതോളം 'ഒറിജിനല്‍' ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ഒറിജിനല്‍ എന്നുപറഞ്ഞത്, ആര്‍ട്ടിസ്റ്റ് നേരിട്ട് പേപ്പറില്‍ വരച്ച ചിത്രങ്ങളെ ഉദ്ദേശിച്ചാണ്. നമ്മള്‍ കാണുന്ന പ്രിന്റ് ചെയ്തു ചിത്രങ്ങളെല്ലാം തന്നെ ഒരുകണക്കിന് എഡിറ്റ് ചെയ്തിട്ടാണ് വരുന്നത്. എല്ലാ 'അണ്‍വാണ്ടഡ്' വരകളും പാടുകളും മായ്ച്ച/മാസ്‌ക് ചെയ്ത് ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ക്രോപ്പ് ചെയ്ത് വരുന്നവ. ഇക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ പരിപാടിയെല്ലാം വളരെ എളുപ്പവുമാണ്. കമ്പ്യൂട്ടര്‍ ഇല്ലാതിരുന്ന കാലത്ത്, ലേ-ഔട്ട് ആര്‍ട്ടിസ്റ്റ് (ഇന്നത്തെ ലേ ഔട്ട് ആര്‍ട്ടിസ്റ്റ്?) പ്ലേറ്റില്‍/ഫിലിമില്‍ ഇതെല്ലാം അതിവിദഗ്ദമായി മാന്വല്‍ ആയി മായ്ച്ചുകളഞ്ഞിട്ടുണ്ടാവും.
എന്നാല്‍ ഒറിജിനല്‍ ചിത്രങ്ങളിലെല്ലാം തന്നെ മായാതെ കിടക്കുന്ന പെന്‍സില്‍ സ്‌കെച്ചുകളും, പേപ്പറിന്റെ ചുളിവുകളും അനാവശ്യമായി വന്ന കറുത്ത വര മായ്ക്കാന്‍ വേണ്ടി 'ടച്ച്' ചെയ്ത വെളുത്ത പോസ്റ്റര്‍ കളറിന്റെ മങ്ങിയ നിറവും, ആര്‍ട്ടിസ്റ്റിന്റെ കൈപ്പാടുകളും മായാതെ കിടക്കുന്നുണ്ടാവും. അവ നമ്മളെ ആ ചിത്രങ്ങളുടെ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും, ഇവ കാണുമ്പോള്‍തന്നെ ഈ ചിത്രങ്ങളുടെ പുറകിലുള്ള അധ്വാനത്തെ, പരിശ്രമത്തെ നാം അറിയാതെ നമിക്കും.

എ എസ് എന്ന ഡിസൈനര്‍/
സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാവും എഎസ് ചിത്രങ്ങളെല്ലാം തന്നെ മനോഹരമായി ലേ ഔട്ട് ചെയ്യാവുന്ന രീതിയിലായിരിക്കും വരച്ചിട്ടുണ്ടാവുക. ചിത്രം ടെക്‌സ്റ്റില്‍നിന്ന് വേറിട്ടുനില്‍ക്കാതെ ടെക്സ്റ്റിലേക്ക് വേരാഴ്ത്തി നില്‍ക്കുന്നുണ്ടാവും.

മിക്കവാറും ചിത്രങ്ങളെല്ലാം തന്നെ സ്‌പ്രെഡ് പേജില്‍ വയ്ക്കാന്‍ പറ്റുന്ന രീതിയില്‍ വൈഡ് ഫോര്‍മാറ്റിലാണ് ഉള്ളത്. അക്കാലത്ത് ഇത് എങ്ങെനെ ലേ ഔട്ട് ചെയ്തിരുന്നു എന്ന് അറിയില്ല. മിക്കവാറും ചിത്രങ്ങളും വൈഡ് ഫോര്‍മാറ്റിലുള്ള ബാക്ക് ഗ്രൗണ്ടില്‍, വെര്‍ട്ടിക്കല്‍ ആയി നില്‍ക്കുന്ന സബ്ജക്‌റ്റോടുകൂടിയതാണ്. ഒരു പ്ലസ്(+) ആകൃതിയില്‍

എ എസ് ചിത്രങ്ങളില്‍ ബാക്ക് ഗ്രൗണ്ട് ചിത്രീകരിക്കുന്നതും വളരെ കൗതുകകരമായിരിക്കും. മിക്കവാറും ആര്‍ട്ടിസ്റ്റുകള്‍ രണ്ടു ലെയറുകള്‍ (ബാക്ക് ഗ്രൗണ്ട്+കഥാപാത്രങ്ങള്‍)കൊണ്ട് തൃപ്തിപ്പെടുമ്പോള്‍, എ എസ് മൂന്നും നാലും ലെയറുകളാണ് ചിത്രങ്ങള്‍ക്കു നല്‍കുന്നത്. ഇത് ചിത്രങ്ങള്‍ക്ക് വല്ലാത്ത ഒരു ഡയമെന്‍ഷന്‍ നല്കുന്നു. ഇന്നത്തെ 3ഡി സിനിമകള്‍ക്കു ചെയ്യുന്ന ബാക്ഗ്രൗണ്ടുകള്‍ ഇത്തരം മൂന്നും നാലും(ചിലപ്പോള്‍ അതിലധികവും) ലെയറുകളില്‍ ബാക്ഗ്രൗണ്ട് ചെയ്തു കാണാറുണ്ട്. കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ എഎസ് പുറകിലുള്ള ചടുലമായ/ശാന്തമായ പ്രകൃതിക്കും പ്രാധാന്യം നല്കാറുണ്ട്. മരങ്ങളെല്ലാം തന്നെ എ എസിന്റെ പുരുഷകഥാപാത്രങ്ങളെപ്പോലെ ബലിഷ്ഠബാഹുക്കളോടുകൂടിയവയായിരിക്കും.

യയാതി
ഖണ്ഡേക്കറുടെ യയാതിക്കുവേണ്ടി എ എസ് വരച്ച ചിത്ര്ങ്ങള്‍ ഏറെ പ്രശസ്ഥമാണല്ലോ, ഭാരതീയ ശില്പകലയുടെയും കേരളീയ ചുമര്‍ചിത്രകലയുടെയും സ്വാധീനങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഫഌറ്റ് ആയി കറുപ്പില്‍ എങ്ങനെ കഥാപാത്രങ്ങളെ ശക്തമയിഅവതരിപ്പിക്കാംഎന്ന് ഈ ചിത്രങ്ങള്‍ കാണിച്ചുതരുന്നു.


ഈ ചിത്രങ്ങള്‍ എ എസിന്റെ മാസ്റ്റര്‍ പീസ് തന്നെയാണ്. അതിവിദഗ്ദമായി ചിത്രം പേജില്‍ ബാലന്‍സ് ചെയ്യുന്നരീതിയില്‍ വരയ്ക്കാനുള്ള എ എസിന്റെ കഴിവ് ഈ ചിത്രങ്ങള്‍ കാണിച്ചു തരുന്നു. ഈ ചിത്രങ്ങള്‍ പേജില്‍ വച്ച് ഒഴിഞ്ഞ സ്ഥലത്ത് മാറ്റര്‍ വയ്ക്കുമ്പോള്‍ സ്വാഭാവികമായും പേജ് ബാലന്‍സ് ആവുന്ന രീതിയിലാണ് ഇവ വരയ്ച്ചിട്ടുള്ളത്. ഇനി അഥവാ പേജ് ബാലന്‍സ് ആവാതെ വരുന്ന സ്ഥലങ്ങളില്‍ വയ്ക്കാനുള്ള 'മോട്ടിഫ്' ഇമേജുകളും യയാതിയിലുടനീളം കാണാം.

സാറ
സിവി ബാലകൃഷ്ണന്റെ 'ആയുസിന്റെ പുസ്തക'ത്തില്‍ എഎസ് വരച്ച സാറയുടെ നൂഡ് അത്രപെട്ടന്ന് മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കുകയില്ല. ഒരു സ്ത്രീയുടെ ഫ്രണ്ടല്‍ നൂഡിറ്റി മറ്റേതെങ്കിലും സന്ദര്‍ഭത്തില്‍ എ എസ് പകര്‍ത്തിയതായി അറിവില്ല. എ എസിന്റെ സ്ത്രീകളെല്ലാം തന്നെ വലിയകണ്ണുകളും വിഷാദമുഖവുമുള്ളവരാണ്. പുരുഷന്മാരെല്ലാം തന്നെ ഉയരം കുറഞ്ഞ ബലിഷ്ഠകായന്മാരും. അന്യഭാഷാ കഥകള്‍ക്കു ചിത്രം വരക്കുമ്പോള്‍ മാത്രം എസ് സ്ത്രീകളെ സര്‍വ്വാഭരണ വിഭൂഷകരാക്കാന്‍ മറക്കാറില്ല.

എ.എസിന്റെ ഔട്ട് ഡോര്‍ ചിത്രങ്ങള്‍ കണ്ടാല്‍തന്നെ അദ്ദേഹത്തിന്റെ അപാരമായ നിരീക്ഷണപാടവും മനസ്സിലാക്കാന്‍സാധിക്കും. അല്ലെങ്കിലും കാറല്‍മണ്ണഗ്രാമത്തില്‍ ജനിച്ച, അത്യന്തം ദരിദ്രമായ ചുറ്റുപാടുകളോട് പടവെട്ടി, നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലായി ഉണ്ടായിരുന്ന അത്തിപ്പറ്റ ശിവരാമന്‍, എഎസ് എന്ന ചിത്രകാരനായത് അദ്ദേഹത്തിന്റെ അപാരമായ നിരീക്ഷണ പാടവം ഒന്നുകൊണ്ടുമാത്രമായിരിക്കണം.


Posted on Saturday, August 17, 2013 by Sreelal

1 comment

03 July 2013

പതിവുതെറ്റിക്കാതെ ഈ ഓണക്കാലത്തും ശ്രീകൃഷ്ണനെയും അര്‍ജുനനെയും പാഞ്ചാലിയെയുംകൊണ്ട് അയാള്‍ ഊരു ചുറ്റാനിറങ്ങുകയാണ്. ബെന്‍-ടെന്നിനെയും ട്രാന്‍സ്‌ഫോമേഴ്‌സിനെയും കുങ്ഫു പാണ്ടയെയും മാത്രം കണ്ട് ശീലിച്ച-ശീലിക്കുന്ന-പുതിയ കുട്ടികളുടെ ലോകത്തേയ്ക്ക്.

ഇത് വേലന്‍ പൂശാലി. പാവക്കഥകളി എന്ന അത്യപൂര്‍വ്വ കലാരൂപത്തിന്റെ അവസാന ഉപാസകരില്‍ ഒരാള്‍. അരപ്പതിറ്റാണ്ടിലേറെക്കാലമായി മുടക്കമില്ലാതെ ഇയാള്‍ ഓണക്കാലത്ത് തെക്കേ മലബാറിലെ ഗ്രാമങ്ങളെ തുയിലുണര്‍ത്തുപാട്ടുമായി തോറ്റിയുണര്‍ത്താന്‍ തുടങ്ങിയിട്ട്.

പാലക്കാട് ജില്ലയിലെ ലക്കിടിയ്ക്കടുത്ത് പരത്തിപ്പുള്ളി ഗ്രാമത്തിലെ 'പണ്ടാര' വിഭാഗത്തില്‍പ്പെട്ടവരാണ് പാവക്കഥകളിക്കാര്‍. ഇവിടെ പണ്ടാര വിഭാഗത്തില്‍പ്പെട്ട 137-ഓളം കുടുംബങ്ങളുണ്ട്. ഇതില്‍ മൂന്ന് കുടുംബങ്ങളാണ് പാവക്കഥകളി ഇപ്പോഴും തുടരുന്നത്. ഇവരില്‍തന്നെ ഊരുചുറ്റി വീടുകളില്‍ചെന്ന് കളി അവതരിപ്പിക്കുന്നത് വേലന്‍ പൂശാലി മാത്രം. പൂശാലിക്ക് പാവക്കഥകളി വെറും നേരമ്പോക്കോ ധനസമ്പാദനമാര്‍ഗ്ഗമോ അല്ല, ഗുരുകാരണവന്മാരായി പകര്‍ന്നുകിട്ടിയ പൈതൃകത്തിന്റെ പവിത്രമായ പിന്‍തുടര്‍ച്ചയാണ്. 


കുമിഴ് മരത്തില്‍ നിര്‍മ്മിച്ചമുഖത്തോടുകൂടിയ കൈയ്യുറപ്പാവകളാണ് (Glow puppet) കഥകളിപ്പാവകള്‍. യഥാര്‍ത്ഥ കഥകളിവേഷങ്ങളുടെ ഒരു മിനിയേച്ചര്‍ പതിപ്പ്. ചെറുതെത്രമനോഹരം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന സൗന്ദര്യമാണിവയ്ക്ക്. നിലത്തിരുന്ന്, ഇടതുകൈയ്യില്‍ പാവയും വലതുകൈയ്യില്‍ ചേങ്ങിലയും കൊട്ടി കഥകളിപ്പദങ്ങള്‍ പാടിക്കൊണ്ടാണ് പാവക്കഥകളി അവതരിപ്പിക്കുന്നത്.


ശ്രീകൃഷ്ണന്‍, അര്‍ജ്ജുനന്‍, പാഞ്ചാലി, നകുലന്‍, സഹദേവന്‍, കീചകന്‍, ഹനുമാന്‍ തുടങ്ങിയ ഒട്ടേറെ പാവരൂപങ്ങള്‍ കഥകളിക്ക് ഉപയോഗിക്കുന്നുണ്ട്. വേലന്‍ പൂശാലിയുടെ കൈയ്യില്‍ ഇപ്പോള്‍ അര്‍ജുനനും ശ്രീകൃഷ്ണനും പാഞ്ചാലിയും മാത്രമേയുള്ളൂ. തലമുറകള്‍ കൈമാറിയ ഈ പൈതൃകപ്പാവകള്‍, തന്റെ പിതാവ് പാപ്പന്‍ പൂശാലിയില്‍നിന്നുമാണ് അദ്ദേഹത്തിന് കിട്ടിയത്.

പഴയകാല കേരളത്തിന്റെ ദൃശ്യലോകത്തിന് ഇവ നല്കിയിരുന്ന നിറക്കാഴ്ച എത്രയാണെന്ന് ടച്ച് സ്‌ക്രീന്‍ ഫോണിന്റെ ലോകത്തിരിക്കുന്ന നമുക്ക് ഒരിക്കലും സങ്കല്‍പിക്കാനാവില്ല. ഒരുപാട് കാഴ്ച്ചക്കാരുണ്ടായിരുന്ന പഴയകാലകളിയെക്കുറിച്ച് പറയുമ്പോള്‍ വേലന്‍ പൂശാലിക്ക് നൂറുനാവാണ്. ചെറുസംഘങ്ങളായാണ് പണ്ട് കഥകളിക്കാര്‍ ഊരു ചുറ്റിയിരുന്നത്. ഒരു സംഘത്തില്‍ ചെണ്ട, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യക്കാരും
നാലഞ്ച് കളിക്കാരും ഉണ്ടാവും. ഓരോ ദേശത്തും ഇവര്‍ക്ക് സ്ഥിരമായ ഇടത്താവളങ്ങളുണ്ട്-കളിക്കമ്പക്കാരായ പ്രമാണിമാരുടെ തറവാടുകള്‍. അവിടെ താമസിച്ച് ചുറ്റുമുള്ള വീടുകളില്‍ കളി അവതരിപ്പിക്കും. അവിടെ നിന്നും അടുത്ത ഗ്രാമത്തിലേക്ക്. ഊരുചുറ്റലിനിടയ്ക്ക് സ്വന്തം വീടുകാണാന്‍ പൂതിയുണ്ടാവുമ്പോള്‍ മാത്രമാണ് വീട്ടിലേക്കു വരുന്നത്. പിന്നീട് വീണ്ടും സംഘത്തോടൊപ്പം ചേരും. മിക്ക രാജ്യങ്ങളിലും അവരവരുടെ തനത് കലയുടെ പാവക്കഥകളിരൂപം ഉണ്ട് എന്നത് ഇവിടെ പ്രസക്തമാണ്. 


പണ്ടുകാലത്ത് രാത്രി തുടങ്ങുമായിരുന്ന കളി പുലരുംവരെ തുടരുമായിരുന്നത്രെ. പിന്നീട് കാലംകൊണ്ട് അത് ഒന്നുരണ്ടുമണിക്കൂര്‍ നേരത്തേക്ക് ചുരുങ്ങി. ഉത്തരാ സ്വയംവരം, ദുര്യോധനവധം, കീചകവധം, കല്യാണസൗഗന്ധികം, ഭാഗവതം, രുഗ്മാംഗചരിതം, നളചരിതം തുടങ്ങി 64-ഓളം കഥകള്‍ അവതരിപ്പിക്കാറുണ്ട്. യഥാര്‍ത്ഥ കഥകളിയിലെപോലെ പാവക്കഥകളിയിലും മനോധര്‍മ്മം ആടാറുണ്ടെന്ന് പൂശാലി. പാവക്കഥകളിക്കുപുറമെ ആണ്ടിയൂട്ടും(സുബ്രഹ്മണ്യപൂജ) ഇവര്‍ നടത്താറുണ്ട്. എല്ലാവര്‍ഷവും ഇവരെക്കൊണ്ട് ആണ്ടിയൂട്ടും പാവക്കൂത്തും നടത്തിയിരുന്ന തറവാടുകള്‍ ധാരാളമുണ്ടായിരുന്നു.

അന്നും ഇന്നും കുട്ടികളാണ് പാവക്കഥകളിയുടെ മുഖ്യകാഴ്ചക്കാര്‍. 'ആണ്ടി വന്നോ?, ആ കുട്ടികള്‍ക്ക് കുറച്ച് വേഷങ്ങള്‍ കാണിച്ചുകൊടുക്കൂ' എന്നു പറയുന്ന കാരണവന്മാര്‍ ഇന്നില്ല. കഥകളിക്കമ്പക്കാരെപ്പോലെ, ധാരാളം പാവക്കഥകളിക്കാരും ഉണ്ടായിരുന്നു. 'ഇന്ന കഥയിലെ ഈഭാഗം കളിക്കു' എന്ന് പറയാന്‍ ചങ്കൂറ്റമുള്ളവര്‍. ഇന്ന് ദുര്യോധനവധം കളിക്കൂ എന്ന് പറയുന്നവരോട് ദുര്യോധനവധത്തിലെ ഏത് ഭാഗം എന്ന് തിരിച്ച്‌ചോദിക്കുമ്പോള്‍ അവരുടെ മുഖം വിളറുന്നത് ഒരു ഉള്‍ചിരിയാലെ പൂശാലി നോക്കിക്കാണാറുണ്ട്. ഇന്നാര്‍ക്കും ഇതിനെപ്പറ്റി ഒന്നും അറിയില്ല. അവരെ സംബന്ധിച്ച് പാവകള്‍ വെറും വേഷങ്ങള്‍ മാത്രമാണ്. 


പാവക്കഥകളിയുടെ പുനരുദ്ധാരണത്തിനായി 1982-ല്‍ കലാകാരന്മാര്‍ ചേര്‍ന്ന് പരത്തിപ്പുള്ളി പാവക്കഥകളിസംഘം രൂപീകരിക്കുകയുണ്ടായി. ഈ സംഘത്തിന് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒരുപാട് സ്ഥലങ്ങളില്‍ കഥകളി അതരിപ്പിക്കാനായിട്ടുണ്ട്. എന്നാല്‍ ഇന്ന് ശരീരമനുവദിക്കാത്തതുമൂലം ദൂരയാത്രയ്‌ക്കൊന്നും പോവാറില്ല. പക്ഷെ ഓണക്കാലത്തെ ഊരുചുറ്റല്‍ പൂശാലി ഈ എണ്‍പതാം വയസ്സിലും തുടരുന്നു. വാര്‍ധക്യത്തെയും അസുഖങ്ങളെയും വകവയ്ക്കാതെ. പാവകളെയുംകൊണ്ട് ഏതു സമയത്തും ഏതു വഴിയിലൂടെയും നടക്കാന്‍ പൂശാലിക്ക് ഭയമില്ല. കാരണം കൃഷ്ണനേയും രാമനെയും കൊണ്ട് കഥകളിയാടുന്ന കലാകാരന് ദൈവപരിവേഷമാണ്. പാവകളെ ചോദിച്ച് വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ വരാറുണ്ട്. അവരോടൊക്കെ പൂശാലിക്ക് ഒന്നേ പറയാനുള്ളൂ, ഇത് എന്റെ അന്നമാണ്, ഐശ്വര്യമാണ്. ഇത് ഞാനാര്‍ക്കും കൊടുക്കില്ല.

പുതിയ തലമുറക്കാര്‍ ഈ രംഗത്ത് വരാത്തതില്‍ പൂശാലിക്ക് ഒട്ടും പരിഭവമില്ല. പാവക്കഥകളിക്കാരന് ഇന്നത്തെ സമൂഹത്തില്‍ എത്രത്തോളം ഗ്ലാമറുണ്ടെന്് പൂശാലിക്ക് നന്നായിട്ടറിയാം. ഭാണ്ഡവും തൂക്കി നാടുചുറ്റി നടക്കുന്ന പാവക്കഥകളിക്കാരനോട് 'ഡോ, തനിക്ക് വല്ല ജോലിക്കും പോയിക്കൂടെ?' എന്നുതന്നെയായിരിക്കും ആളുകള്‍ ചോദിക്കുക.

കഥകളിയെ ലോകമറിയുമ്പോള്‍, പാവക്കഥകളിയെ നാം സൗകര്യപൂര്‍വ്വം മറക്കുകയാണ്. അല്ലെങ്കില്‍ അറിയാതെ പോവുകയാണ്. മാര്‍ക്കറ്റിംഗ് അറിയാത്ത യഥാര്‍ത്ഥകലാകാരന്‍ എപ്പോഴും പരിധിക്കുപുറത്താണ്. കല അയാളുടെ സാധനയാണ്, ശ്വാസമാണ്, അത് അയാളോടെ അണഞ്ഞുപോവേണ്ട വെളിച്ചമല്ല. വരുന്ന തലമുറയ്ക്ക് ഇതൊക്കെയാണ് നമ്മുടെ പൈതൃകം, ഇതൊക്കെയാണ് നമ്മുടെ സംസ്‌കാരം എന്ന് ചൂണ്ടിക്കാണിക്കാന്‍ ചില വേലന്‍ പൂശാലിമാര്‍ നമ്മുടെയിടയില്‍ ഉണ്ടായേ തീരൂ. തന്റെ പാവകളെ തുടച്ച് മിനുക്കി ഭാണ്ഡത്തില്‍കെട്ടി തോളിലിട്ട് വേലന്‍ പൂശാലി ഊരുചുറ്റാനിറങ്ങുകയാണ് നാട്ടിടവഴികളിലൂടെ, പാടവരമ്പുകളിലൂടെ, ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക്, ഓണവരവറിയിക്കാന്‍...


2010 ഓഗസ്റ്റ്‌ 
കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ടൂർകൂട്ട്' മാഗസിനിൽ പ്രസിദ്ധീകരിച്ചത്

Posted on Wednesday, July 03, 2013 by Sreelal

No comments

06 June 2013

ഉയിര്‍പ്പുകള്‍ മാത്രമുള്ള, ദുഖവെള്ളികളില്ലാത്ത മതത്തിന്റെ അനിഷേധ്യ പ്രവാചകനായി ലത്തീനമേരിക്കയുടെ തെരുവുകളില്‍ നിന്നുയര്‍ന്നു വന്ന ദീഗോ മറഡോണ ഇക്കുറി കളി പഠിപ്പിക്കുന്നവനായി ലോക കപ്പിനോടൊപ്പമുണ്ട്. തനിക്കു പരിചയമുള്ള ഉലകങ്ങളെയെല്ലാം കാല്പന്തു കൊണ്ടു കണ്‍കെട്ടു കെട്ടി കൊതിപ്പിച്ചു വിട്ട ആ മഹാമാന്ത്രികനെ കുറിച്ച് ശ്രീലാല്‍ എജി

അതൊരു വാഴ്‌വു തന്നെയാണ്. കളിയിമ്പത്തിന്റെ കരകാണാക്കടല്‍ പോലെയുള്ള ഒന്ന്. സിരകളുള്ള കാല്പന്തുപോലെയൊരു ജീവിതം. കളിക്കരുത്തിന്റെ ആണവ വിസ്ഫോടനം. തനിക്കു പരിചയമുള്ള ഉലകങ്ങളെയെല്ലാം കാല്പന്തു കൊണ്ടു കണ്‍കെട്ടു കെട്ടി കൊതിപ്പിച്ചു വിട്ട മഹാമാന്ത്രികന്‍. പത്താം നമ്പര്‍ കുപ്പായത്തില്‍ വിറഞ്ഞു തുള്ളിയ പടച്ചവന്‍: ദീഗോ മറഡോണ. ഭൂഗോളത്തെ തട്ടിയുരുട്ടിയ കാലം പിന്നിട്ട്, ദീഗോ എന്ന ദൈവം ഇത്തവണ ലോകകപ്പിനു അര്‍ജന്റീനയെ കളി പഠിപ്പിക്കാനെത്തുമ്പോള്‍ മറ്റൊരു അഴകുള്ള അങ്കം കുറിക്കപ്പെടുമോ?
കാല്‍പ്പന്തു മാമാങ്കം ദക്ഷിണാഫ്രിക്കയില്‍ കൊടിയേറുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത്‌, ഒരുകാലത്ത്‌ ചടുലമായ നീക്കങ്ങളിലൂടെ ഗാലറീകളെ അമ്പരപ്പിച്ചാനന്ദിപ്പിച്ച, എതിരാളികളെ വിറപ്പിച്ച കുറിയ മനുഷ്യന്റെ പുതിയ തന്ത്രങ്ങളെയാണ്‌. കോടിക്കണക്കിന്‌ ആരാധകരുടെ ആവേശമാണ്‌ മറഡോണ. ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാള്‍. അര്‍ജന്റീനക്കുവേണ്ടി അന്തര്‍ദ്ദേശീയ ഫുട്‌ബോളില്‍ 34 ഗോളുകള്‍ നേടിയ ദീഗോയുടെ കളിമിടുക്ക്‌, കളി പഠിപ്പിക്കുന്നതില്‍ എത്രകണ്ടു ഫലം കാണും? ബഞ്ചിലിരുന്ന്‌ കളി നിയന്ത്രിക്കാനും തന്ത്രങ്ങള്‍ മെനയാനും ദീഗോയുടെ തകര്‍പ്പന്‍ ഭൂതകാലം എത്ര സഹായിക്കും?
അതിനുത്തരം ഈ ചെറിയ തമ്പുരാന്റെ വലിയ ജീവിതം തന്നെയാണ്. 1960ല്‍ ബ്യൂണസ്‌ അയേഴ്‌സിലെ ലാനൂസില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനനം. ദീഗോയും രണ്ടു സഹോദരന്മാരും വളര്‍ന്നു മികച്ച കാല്പന്തു കളിക്കാരായിത്തീരുകതന്നെയാണ്‌ ചെയ്‌തത്‌. നന്നേ ചെറുപ്പത്തില്‍തന്നെ അസാധാരണമായ ഫുട്‌ബോള്‍ വഴക്കം കൊച്ചു ദീഗോക്ക്‌ സ്വായത്തമായിരുന്നു. ഫസ്‌റ്റ്‌ ഡിവിഷന്‍ ഫുട്‌ബോളിന്റെ ഇടവേളയില്‍ തന്റെ ഫുട്‌ബോള്‍ വഴക്കം പ്രദര്‍ശിപ്പിച്ച്‌ കാണികളെ അതിശയിപ്പിച്ചിരുന്ന ആ പയ്യന്‍ ലോകത്തിന്റെ നെറുകയിലേക്ക്‌ വളര്‍ന്നു. 15 വയസായപ്പോഴേക്കും ജൂനിയര്‍ റ്റീമില്‍ (Argentinos Juniors) ഇടം നേടി. ഫുട്‌ബോളിന്റെ എല്ലാസൗന്ദര്യവും ആവാഹിച്ചുള്ള ചടുല നൃത്തത്തിന്റെ നാളുകള്‍. ത്രസിപ്പിക്കുന്ന പ്രഹരങ്ങള്‍ ഏറ്റുവാങ്ങി ഗോള്‍‌വലകള്‍ രതിമൂര്‍ച്ചയില്‍ വിറച്ചുനിവര്‍ന്ന വന്യവേളകള്‍. ഒരു മിത്തിന്റെ മിന്നല്‍ പോലെയൊരു ജനനം. ഉയിര്‍പ്പുകള്‍ മാത്രമുള്ള, ദുഖവെള്ളികളില്ലാത്ത മതത്തിന്റെ അനിഷേധ്യ പ്രവാചകനായി ലത്തീനമേരിക്കയുടെ തെരുവുകളില്‍, മൈതാനങ്ങളില്‍, പന്തുരുളുന്ന പറമ്പുകളിലെല്ലാം അയാള്‍ തന്റെ ഡ്രിബ്ലിങ്ങ് തുടര്‍ന്നു.
ക്ലബ്‌ ഫുട്‌ബോള്‍
1981ല്‍ സൗത്ത്‌ അമേരിക്കന്‍ ക്ലബ്ബായ ബോക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്ന ദീഗോ 1982ലെ ലോകകപ്പിനുശേഷം സ്‌പാനിഷ്‌ ക്ലബ്ബായ ബാഴ്‌സിലോണയിലേക്ക്‌ ചേക്കേറി. റിയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി സ്‌പാനിഷ്‌ നാഷണല്‍ ഫുട്‌ബോള്‍ കപ്പ്‌ (കോപ്പ ഡെല്‍റെ) നേടി. ക്ലബ്ബ് മുന്നേറി. എന്നാല്‍, ദീഗോ വലഞ്ഞു. അസുഖങ്ങളും പരിക്കും. എങ്കിലും അപാരമായ മനക്കരുത്ത്‌ അയാളെ കളിക്കളത്തിലേക്ക്‌ തിരിച്ചെത്തിച്ചു. 1984ല്‍ ദീഗോ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയില്‍. ഇത്  ദീഗോയുടെ ക്ലബ്‌ ഫുട്‌ബോള്‍ കരിയറിലെ സുവര്‍ണകാലമായിരുന്നു. ഇറ്റാലിയന്‍ ചാമ്പ്യന്‍ഷിപ്പ്‌, കോപ്പ ഇറ്റാലിയ, യുവേഫ കപ്പ്‌, ഇറ്റാലിയന്‍ സൂപ്പര്‍കപ്പ്‌; പെരുമഴ പോലെ വിജയങ്ങള്‍. എല്ലാറ്റിന്റെയും ചുക്കാന്‍ ദീഗൊയുടെ കാലുകളില്‍. ക്ലബ്‌ഫുട്‌ബോള്‍ പ്രേമികളുടെ ആരാധ്യ പുരുഷനായിമാറിയ കൊച്ചുതെമ്മാടി. അതിശയമെന്ന വണ്ണം, ഇതേ സമയത്താണ് ജീവിതത്തില ഒരു പാടു പാസുകള്‍ ദീഗോക്ക് പിഴച്ചത്. കാലിലുറക്കാത്ത പന്തുപോലെ ജീവിതം അയാള്‍ക്കു മുന്‍പില്‍ ഉരുണ്ടു നീങ്ങി. വ്യക്തിജീവിതത്തിലെ താഴപ്പിഴകള്‍ കരിയറില്‍ പെനാല്‍റ്റികള്‍ തുടരെ നല്‍കി. കൊക്കെയ്‌ന്‍ ദീഗോയിലെ ഫുട്‌ബോള്‍ പ്രൊഫഷണലിന്റെ വഴിയിലെ വെളിച്ചം കെടുത്തി. മത്സരങ്ങള്‍ മുടങ്ങിയതിന്റെ പേരില്‍ ക്ലബ്‌ മാനേജ്‌മെന്റ്‌ വലിയൊരു തുക പിഴചുമത്തി, ഒപ്പം 15 മാസത്തെ വിലക്കും. 1992ല്‍ നാപ്പോളി വിട്ട ദീഗോ സെവില്ലയില്‍ ചേര്‍ന്നു. 1993ല്‍ അര്‍ജന്റീനയിലെ ന്യൂവെല്‍സ്‌ ഓള്‍ഡ്‌ ബോയ്‌സില്‍ ചേരുകയയും 1995ല്‍ തന്റെ ആദ്യകാല ക്ലബ്ബായ ബോക്ക ജൂനിയേഴ്‌സിലേക്ക്‌ തിരിച്ചുവരികയും ചെയ്‌തു.
ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍
16 വയസില്‍ ഹംഗറിക്കെതിരെയാണ്‌ ദീഗോയുടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം. അര്‍ജന്റീനക്കുവേണ്ടി 91 കപ്പുകള്‍; 34 തവണ എതിരാളികളുടെ ഗോള്‍വല കുലുക്കി. അര്‍ജന്റീനക്കുവേണ്ടി നാല്‌ ഫിഫ വേള്‍ഡ്‌ കപ്പ്‌ റ്റൂര്‍ണമെന്റുകളില്‍ കളിച്ചു. 1982ലെ ലോക കപ്പാണ്‌ ആദ്യത്തേത്‌. രണ്ടാം റൗണ്ടില്‍ ബ്രസീലിനോട്‌ തോറ്റ്‌ പുറത്തുപോകേണ്ടിവന്നെങ്കിലും ആകെ കളിച്ച 5 മത്സരങ്ങളിലും പകരക്കാരനെ ഇറക്കാതെയാണ്‌ ദീഗോ കളിച്ചത്‌. 1986ലെ ലോക കപ്പില്‍ അര്‍ജന്റീനയുടെ നായകനായി. ഈ റ്റൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സ്‌കോര്‍ ചെയ്‌ത രണ്ടു ഗോളുകളും ചരിത്രമാണ്‌. ആദ്യത്തേത്‌ പെനാല്‍റ്റി ചെയ്യാതെ പോയ ഒരു ഹാന്റ്‌ ബോളും (ദൈവത്തിന്റെ കൈ- ‘പകുതി മറഡോണയുടെ തലയും മറ്റു പകുതി ദൈവത്തിന്റെ കൈയ്യും’). രണ്ടാമത്തേത്‌ ആറ്‌ ഇംഗ്ലീഷ്‌ കളിക്കാര്‍ക്കിടയിലൂടെ 60 മീറ്റര്‍ മുന്നേറി നേടിയ ഗോളും (നൂറ്റാണ്ടിന്റെ ഗോള്‍). മത്സരത്തില്‍ 2-1ന്‌ അര്‍ജന്റീന വിജയിച്ചു. ഫൈനലില്‍ 115,000 കാണികള്‍ നോക്കിനില്‍ക്കെ, ലോകംമുഴുവനുമുള്ള അതിന്റെ എത്രയോ ഇരട്ടി ആരാധകരെ സാക്ഷിനിര്‍ത്തി 1986 ജൂണ്‍ 22ന്‌ മെക്‌സിക്കോയില്‍ വച്ച്‌ പശ്ചിമ ജര്‍മ്മനിയെ 3-2ന്‌ പിടിച്ചുകെട്ടി ദീഗോയും കൂട്ടരും ലോകകപ്പുയര്‍ത്തി.
1990ലെ ലോക കപ്പിലും ദീഗോ തന്നെയായിരുന്നു അര്‍ജന്റീനയെ നയിച്ചത്‌. ഫൈനലില്‍ വെസ്റ്റ്‌ ജര്‍മ്മനിയോട്‌ 1-0ന്‌ അടിയറവുപറയേണ്ടിവന്ന റ്റീമിന്‌ രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. 1994ലെ ലോകകപ്പില്‍ രണ്ട്‌ കളികള്‍ മാത്രമേ ദീഗോക്ക് കളിക്കാനായുള്ളൂ. മയക്കുമരുന്നു പരിശോധനയില്‍ പിടി ക്കപ്പെട്ടപ്പോള്‍ കളിമതിയാക്കി തിരിച്ചുപോരേണ്ടി വന്നു. തന്റെ പരിശീലകന്‍ നല്‌കിയ പവര്‍ഡ്രിംഗാണ്‌ കുരുക്കിയതെന്ന്‌ ദീഗോ ആത്മകഥയില്‍ പറയുന്നുണ്ട്‌. ദീഗോയില്ലാത്ത അര്‍ജന്റീനക്ക്‌ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തുപോകേണ്ടിവന്നു. അങ്ങനെ 1997ല്‍ തന്റെ 37-ാം പിറന്നാള്‍ ദിനത്തിലാണ്‌ മറഡോണ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍കളിക്കാരന്റെ ബൂട്ടഴിച്ചത്‌.

തന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ദീഗോ എപ്പോഴും ആഗോള മാധ്യമപ്പടയുടെ പ്രിയങ്കരനായിരുന്നു. ഒരു ‘പ്രശ്‌നക്കാരനായ’ കളിക്കാരനായി കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം പലപ്പോഴും ചിത്രീകരിക്കപ്പെട്ടു. 1980കളുടെ പകുതിമുതല്‍ തന്നെ കൊക്കെയ്‌ന്‍ ഉപയോഗത്തിന്‌ അദ്ദേഹം കുപ്രസിദ്ധനായിരുന്നു. 2004 വരെ ഈ ദൈവം കൊക്കെയ്‌ന്‍ന്റെ പിടിയിലായിരുന്നു. തുടര്‍ന്നാണ്‌ മയക്കുമരുന്നില്‍നിന്ന്‌ വിമുക്തനാവാനുള്ള ശ്രമങ്ങള്‍ക്കായി ക്യൂബയിലേക്ക്‌ പോയത്‌. ഈ സമയമണ് ഫിദല്‍ കാസ്‌ട്രോയുമായി ചങ്ങാത്തത്തില്‍ ആവുന്നതും തന്റെ ഇടതുപക്ഷകാഴ്‌ചപ്പാടുകള്‍  ഊട്ടിയുറപ്പിക്കുന്നതും. ദീഗോയുടെ ആത്മകഥ സമര്‍പ്പിച്ചിരിക്കുന്നത്‌ കാസ്‌ട്രോക്കും പൊരുതുന്ന ക്യൂബന്‍ ജനതയ്‌ക്കുമാണ്‌.Yo Soy El Diego (“I am the Diego”) അര്‍ജന്റീനയിലെ ബെസ്റ്റ്‌ സെല്ലറാണ്. കൊക്കെയ്നെ നേരിട്ടുള്ള പാസ് വെട്ടിച്ചു മുന്നേറിയ ദീഗോ പിന്നീട്‌ റ്റിവി അവതാരകനായി. തന്റെ സംഭാഷണചാതുരി കൊണ്ട്‌ മറ്റ്‌ അവതാരകരില്‍നിന്നും അദ്ദേഹം വേറിട്ടുനിന്നു. പെലെ, കാസ്‌ട്രോ, മൈക്ക്‌ ടൈസണ്‍, സിനദിന്‍ സിഡാന്‍, റൊണാള്‍ഡോ തുടങ്ങി പലപ്രമുഖരുമായും അഭിമുഖം നടത്തി. 2000ല്‍ ഫിഫയുടെ നൂറ്റാണ്ടിലെ മികച്ച കളിക്കാരന്‍ പദവി പെലെയോടൊപ്പം ദീഗോ മറഡോണയും പങ്കിട്ടു.
ചരിത്രത്തെ പന്തുരുട്ടി മയക്കിയ ഈ വലിയ ചെറിയ പ്രതിഭാസം പരിശീലകനായപ്പോള്‍ തന്റെ പരിചയം പരിമിതം തന്നെയാണെന്ന് സമ്മതിക്കുന്നുണ്ടാകണം. ഇതിന്റെ പേരില്‍ ഒരുപാട്‌ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. യോഗ്യതാറൗണ്ടിലെ കളികളില്‍ അര്‍ജന്റീനക്ക്‌ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. എങ്കിലും ദീഗോ പറയുന്നു ഇപ്പോഴത്തെ റ്റീം 1986ലെതിനേക്കാള്‍ മികച്ചതാണ്‌. മെസ്സിയുടെ  ഇളംശിങ്കപ്പട അതുതെളിയിക്കുമെന്നുതന്നെയാണ്‌ അവരുടെ മിശിഹായെപ്പോലെ ലോകമെമ്പാടുമുള്ള ആരാധകരുടെയും പ്രതീക്ഷ. കളിക്കുന്നവനായാലും, കളിപ്പിക്കുന്നവനായാലും പടച്ചവനു തിരിയാത്ത വേലയുണ്ടോ?

ജൂണ്‍ 2010 ൽ 
ദില്ലിപോസ്റ്റിൽ പ്രസിദ്ധീകരിച്ചത് 

Posted on Thursday, June 06, 2013 by Sreelal

No comments

05 June 2013

fff

fff

Posted on Wednesday, June 05, 2013 by Sreelal

No comments