ഉയിര്‍പ്പുകള്‍ മാത്രമുള്ള, ദുഖവെള്ളികളില്ലാത്ത മതത്തിന്റെ അനിഷേധ്യ പ്രവാചകനായി ലത്തീനമേരിക്കയുടെ തെരുവുകളില്‍ നിന്നുയര്‍ന്നു വന്ന ദീഗോ മറഡോണ ഇക്കുറി കളി പഠിപ്പിക്കുന്നവനായി ലോക കപ്പിനോടൊപ്പമുണ്ട്. തനിക്കു പരിചയമുള്ള ഉലകങ്ങളെയെല്ലാം കാല്പന്തു കൊണ്ടു കണ്‍കെട്ടു കെട്ടി കൊതിപ്പിച്ചു വിട്ട ആ മഹാമാന്ത്രികനെ കുറിച്ച് ശ്രീലാല്‍ എജി

അതൊരു വാഴ്‌വു തന്നെയാണ്. കളിയിമ്പത്തിന്റെ കരകാണാക്കടല്‍ പോലെയുള്ള ഒന്ന്. സിരകളുള്ള കാല്പന്തുപോലെയൊരു ജീവിതം. കളിക്കരുത്തിന്റെ ആണവ വിസ്ഫോടനം. തനിക്കു പരിചയമുള്ള ഉലകങ്ങളെയെല്ലാം കാല്പന്തു കൊണ്ടു കണ്‍കെട്ടു കെട്ടി കൊതിപ്പിച്ചു വിട്ട മഹാമാന്ത്രികന്‍. പത്താം നമ്പര്‍ കുപ്പായത്തില്‍ വിറഞ്ഞു തുള്ളിയ പടച്ചവന്‍: ദീഗോ മറഡോണ. ഭൂഗോളത്തെ തട്ടിയുരുട്ടിയ കാലം പിന്നിട്ട്, ദീഗോ എന്ന ദൈവം ഇത്തവണ ലോകകപ്പിനു അര്‍ജന്റീനയെ കളി പഠിപ്പിക്കാനെത്തുമ്പോള്‍ മറ്റൊരു അഴകുള്ള അങ്കം കുറിക്കപ്പെടുമോ?
കാല്‍പ്പന്തു മാമാങ്കം ദക്ഷിണാഫ്രിക്കയില്‍ കൊടിയേറുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത്‌, ഒരുകാലത്ത്‌ ചടുലമായ നീക്കങ്ങളിലൂടെ ഗാലറീകളെ അമ്പരപ്പിച്ചാനന്ദിപ്പിച്ച, എതിരാളികളെ വിറപ്പിച്ച കുറിയ മനുഷ്യന്റെ പുതിയ തന്ത്രങ്ങളെയാണ്‌. കോടിക്കണക്കിന്‌ ആരാധകരുടെ ആവേശമാണ്‌ മറഡോണ. ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാള്‍. അര്‍ജന്റീനക്കുവേണ്ടി അന്തര്‍ദ്ദേശീയ ഫുട്‌ബോളില്‍ 34 ഗോളുകള്‍ നേടിയ ദീഗോയുടെ കളിമിടുക്ക്‌, കളി പഠിപ്പിക്കുന്നതില്‍ എത്രകണ്ടു ഫലം കാണും? ബഞ്ചിലിരുന്ന്‌ കളി നിയന്ത്രിക്കാനും തന്ത്രങ്ങള്‍ മെനയാനും ദീഗോയുടെ തകര്‍പ്പന്‍ ഭൂതകാലം എത്ര സഹായിക്കും?
അതിനുത്തരം ഈ ചെറിയ തമ്പുരാന്റെ വലിയ ജീവിതം തന്നെയാണ്. 1960ല്‍ ബ്യൂണസ്‌ അയേഴ്‌സിലെ ലാനൂസില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനനം. ദീഗോയും രണ്ടു സഹോദരന്മാരും വളര്‍ന്നു മികച്ച കാല്പന്തു കളിക്കാരായിത്തീരുകതന്നെയാണ്‌ ചെയ്‌തത്‌. നന്നേ ചെറുപ്പത്തില്‍തന്നെ അസാധാരണമായ ഫുട്‌ബോള്‍ വഴക്കം കൊച്ചു ദീഗോക്ക്‌ സ്വായത്തമായിരുന്നു. ഫസ്‌റ്റ്‌ ഡിവിഷന്‍ ഫുട്‌ബോളിന്റെ ഇടവേളയില്‍ തന്റെ ഫുട്‌ബോള്‍ വഴക്കം പ്രദര്‍ശിപ്പിച്ച്‌ കാണികളെ അതിശയിപ്പിച്ചിരുന്ന ആ പയ്യന്‍ ലോകത്തിന്റെ നെറുകയിലേക്ക്‌ വളര്‍ന്നു. 15 വയസായപ്പോഴേക്കും ജൂനിയര്‍ റ്റീമില്‍ (Argentinos Juniors) ഇടം നേടി. ഫുട്‌ബോളിന്റെ എല്ലാസൗന്ദര്യവും ആവാഹിച്ചുള്ള ചടുല നൃത്തത്തിന്റെ നാളുകള്‍. ത്രസിപ്പിക്കുന്ന പ്രഹരങ്ങള്‍ ഏറ്റുവാങ്ങി ഗോള്‍‌വലകള്‍ രതിമൂര്‍ച്ചയില്‍ വിറച്ചുനിവര്‍ന്ന വന്യവേളകള്‍. ഒരു മിത്തിന്റെ മിന്നല്‍ പോലെയൊരു ജനനം. ഉയിര്‍പ്പുകള്‍ മാത്രമുള്ള, ദുഖവെള്ളികളില്ലാത്ത മതത്തിന്റെ അനിഷേധ്യ പ്രവാചകനായി ലത്തീനമേരിക്കയുടെ തെരുവുകളില്‍, മൈതാനങ്ങളില്‍, പന്തുരുളുന്ന പറമ്പുകളിലെല്ലാം അയാള്‍ തന്റെ ഡ്രിബ്ലിങ്ങ് തുടര്‍ന്നു.
ക്ലബ്‌ ഫുട്‌ബോള്‍
1981ല്‍ സൗത്ത്‌ അമേരിക്കന്‍ ക്ലബ്ബായ ബോക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്ന ദീഗോ 1982ലെ ലോകകപ്പിനുശേഷം സ്‌പാനിഷ്‌ ക്ലബ്ബായ ബാഴ്‌സിലോണയിലേക്ക്‌ ചേക്കേറി. റിയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി സ്‌പാനിഷ്‌ നാഷണല്‍ ഫുട്‌ബോള്‍ കപ്പ്‌ (കോപ്പ ഡെല്‍റെ) നേടി. ക്ലബ്ബ് മുന്നേറി. എന്നാല്‍, ദീഗോ വലഞ്ഞു. അസുഖങ്ങളും പരിക്കും. എങ്കിലും അപാരമായ മനക്കരുത്ത്‌ അയാളെ കളിക്കളത്തിലേക്ക്‌ തിരിച്ചെത്തിച്ചു. 1984ല്‍ ദീഗോ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയില്‍. ഇത്  ദീഗോയുടെ ക്ലബ്‌ ഫുട്‌ബോള്‍ കരിയറിലെ സുവര്‍ണകാലമായിരുന്നു. ഇറ്റാലിയന്‍ ചാമ്പ്യന്‍ഷിപ്പ്‌, കോപ്പ ഇറ്റാലിയ, യുവേഫ കപ്പ്‌, ഇറ്റാലിയന്‍ സൂപ്പര്‍കപ്പ്‌; പെരുമഴ പോലെ വിജയങ്ങള്‍. എല്ലാറ്റിന്റെയും ചുക്കാന്‍ ദീഗൊയുടെ കാലുകളില്‍. ക്ലബ്‌ഫുട്‌ബോള്‍ പ്രേമികളുടെ ആരാധ്യ പുരുഷനായിമാറിയ കൊച്ചുതെമ്മാടി. അതിശയമെന്ന വണ്ണം, ഇതേ സമയത്താണ് ജീവിതത്തില ഒരു പാടു പാസുകള്‍ ദീഗോക്ക് പിഴച്ചത്. കാലിലുറക്കാത്ത പന്തുപോലെ ജീവിതം അയാള്‍ക്കു മുന്‍പില്‍ ഉരുണ്ടു നീങ്ങി. വ്യക്തിജീവിതത്തിലെ താഴപ്പിഴകള്‍ കരിയറില്‍ പെനാല്‍റ്റികള്‍ തുടരെ നല്‍കി. കൊക്കെയ്‌ന്‍ ദീഗോയിലെ ഫുട്‌ബോള്‍ പ്രൊഫഷണലിന്റെ വഴിയിലെ വെളിച്ചം കെടുത്തി. മത്സരങ്ങള്‍ മുടങ്ങിയതിന്റെ പേരില്‍ ക്ലബ്‌ മാനേജ്‌മെന്റ്‌ വലിയൊരു തുക പിഴചുമത്തി, ഒപ്പം 15 മാസത്തെ വിലക്കും. 1992ല്‍ നാപ്പോളി വിട്ട ദീഗോ സെവില്ലയില്‍ ചേര്‍ന്നു. 1993ല്‍ അര്‍ജന്റീനയിലെ ന്യൂവെല്‍സ്‌ ഓള്‍ഡ്‌ ബോയ്‌സില്‍ ചേരുകയയും 1995ല്‍ തന്റെ ആദ്യകാല ക്ലബ്ബായ ബോക്ക ജൂനിയേഴ്‌സിലേക്ക്‌ തിരിച്ചുവരികയും ചെയ്‌തു.
ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍
16 വയസില്‍ ഹംഗറിക്കെതിരെയാണ്‌ ദീഗോയുടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം. അര്‍ജന്റീനക്കുവേണ്ടി 91 കപ്പുകള്‍; 34 തവണ എതിരാളികളുടെ ഗോള്‍വല കുലുക്കി. അര്‍ജന്റീനക്കുവേണ്ടി നാല്‌ ഫിഫ വേള്‍ഡ്‌ കപ്പ്‌ റ്റൂര്‍ണമെന്റുകളില്‍ കളിച്ചു. 1982ലെ ലോക കപ്പാണ്‌ ആദ്യത്തേത്‌. രണ്ടാം റൗണ്ടില്‍ ബ്രസീലിനോട്‌ തോറ്റ്‌ പുറത്തുപോകേണ്ടിവന്നെങ്കിലും ആകെ കളിച്ച 5 മത്സരങ്ങളിലും പകരക്കാരനെ ഇറക്കാതെയാണ്‌ ദീഗോ കളിച്ചത്‌. 1986ലെ ലോക കപ്പില്‍ അര്‍ജന്റീനയുടെ നായകനായി. ഈ റ്റൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സ്‌കോര്‍ ചെയ്‌ത രണ്ടു ഗോളുകളും ചരിത്രമാണ്‌. ആദ്യത്തേത്‌ പെനാല്‍റ്റി ചെയ്യാതെ പോയ ഒരു ഹാന്റ്‌ ബോളും (ദൈവത്തിന്റെ കൈ- ‘പകുതി മറഡോണയുടെ തലയും മറ്റു പകുതി ദൈവത്തിന്റെ കൈയ്യും’). രണ്ടാമത്തേത്‌ ആറ്‌ ഇംഗ്ലീഷ്‌ കളിക്കാര്‍ക്കിടയിലൂടെ 60 മീറ്റര്‍ മുന്നേറി നേടിയ ഗോളും (നൂറ്റാണ്ടിന്റെ ഗോള്‍). മത്സരത്തില്‍ 2-1ന്‌ അര്‍ജന്റീന വിജയിച്ചു. ഫൈനലില്‍ 115,000 കാണികള്‍ നോക്കിനില്‍ക്കെ, ലോകംമുഴുവനുമുള്ള അതിന്റെ എത്രയോ ഇരട്ടി ആരാധകരെ സാക്ഷിനിര്‍ത്തി 1986 ജൂണ്‍ 22ന്‌ മെക്‌സിക്കോയില്‍ വച്ച്‌ പശ്ചിമ ജര്‍മ്മനിയെ 3-2ന്‌ പിടിച്ചുകെട്ടി ദീഗോയും കൂട്ടരും ലോകകപ്പുയര്‍ത്തി.
1990ലെ ലോക കപ്പിലും ദീഗോ തന്നെയായിരുന്നു അര്‍ജന്റീനയെ നയിച്ചത്‌. ഫൈനലില്‍ വെസ്റ്റ്‌ ജര്‍മ്മനിയോട്‌ 1-0ന്‌ അടിയറവുപറയേണ്ടിവന്ന റ്റീമിന്‌ രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. 1994ലെ ലോകകപ്പില്‍ രണ്ട്‌ കളികള്‍ മാത്രമേ ദീഗോക്ക് കളിക്കാനായുള്ളൂ. മയക്കുമരുന്നു പരിശോധനയില്‍ പിടി ക്കപ്പെട്ടപ്പോള്‍ കളിമതിയാക്കി തിരിച്ചുപോരേണ്ടി വന്നു. തന്റെ പരിശീലകന്‍ നല്‌കിയ പവര്‍ഡ്രിംഗാണ്‌ കുരുക്കിയതെന്ന്‌ ദീഗോ ആത്മകഥയില്‍ പറയുന്നുണ്ട്‌. ദീഗോയില്ലാത്ത അര്‍ജന്റീനക്ക്‌ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തുപോകേണ്ടിവന്നു. അങ്ങനെ 1997ല്‍ തന്റെ 37-ാം പിറന്നാള്‍ ദിനത്തിലാണ്‌ മറഡോണ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍കളിക്കാരന്റെ ബൂട്ടഴിച്ചത്‌.

തന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ദീഗോ എപ്പോഴും ആഗോള മാധ്യമപ്പടയുടെ പ്രിയങ്കരനായിരുന്നു. ഒരു ‘പ്രശ്‌നക്കാരനായ’ കളിക്കാരനായി കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം പലപ്പോഴും ചിത്രീകരിക്കപ്പെട്ടു. 1980കളുടെ പകുതിമുതല്‍ തന്നെ കൊക്കെയ്‌ന്‍ ഉപയോഗത്തിന്‌ അദ്ദേഹം കുപ്രസിദ്ധനായിരുന്നു. 2004 വരെ ഈ ദൈവം കൊക്കെയ്‌ന്‍ന്റെ പിടിയിലായിരുന്നു. തുടര്‍ന്നാണ്‌ മയക്കുമരുന്നില്‍നിന്ന്‌ വിമുക്തനാവാനുള്ള ശ്രമങ്ങള്‍ക്കായി ക്യൂബയിലേക്ക്‌ പോയത്‌. ഈ സമയമണ് ഫിദല്‍ കാസ്‌ട്രോയുമായി ചങ്ങാത്തത്തില്‍ ആവുന്നതും തന്റെ ഇടതുപക്ഷകാഴ്‌ചപ്പാടുകള്‍  ഊട്ടിയുറപ്പിക്കുന്നതും. ദീഗോയുടെ ആത്മകഥ സമര്‍പ്പിച്ചിരിക്കുന്നത്‌ കാസ്‌ട്രോക്കും പൊരുതുന്ന ക്യൂബന്‍ ജനതയ്‌ക്കുമാണ്‌.Yo Soy El Diego (“I am the Diego”) അര്‍ജന്റീനയിലെ ബെസ്റ്റ്‌ സെല്ലറാണ്. കൊക്കെയ്നെ നേരിട്ടുള്ള പാസ് വെട്ടിച്ചു മുന്നേറിയ ദീഗോ പിന്നീട്‌ റ്റിവി അവതാരകനായി. തന്റെ സംഭാഷണചാതുരി കൊണ്ട്‌ മറ്റ്‌ അവതാരകരില്‍നിന്നും അദ്ദേഹം വേറിട്ടുനിന്നു. പെലെ, കാസ്‌ട്രോ, മൈക്ക്‌ ടൈസണ്‍, സിനദിന്‍ സിഡാന്‍, റൊണാള്‍ഡോ തുടങ്ങി പലപ്രമുഖരുമായും അഭിമുഖം നടത്തി. 2000ല്‍ ഫിഫയുടെ നൂറ്റാണ്ടിലെ മികച്ച കളിക്കാരന്‍ പദവി പെലെയോടൊപ്പം ദീഗോ മറഡോണയും പങ്കിട്ടു.
ചരിത്രത്തെ പന്തുരുട്ടി മയക്കിയ ഈ വലിയ ചെറിയ പ്രതിഭാസം പരിശീലകനായപ്പോള്‍ തന്റെ പരിചയം പരിമിതം തന്നെയാണെന്ന് സമ്മതിക്കുന്നുണ്ടാകണം. ഇതിന്റെ പേരില്‍ ഒരുപാട്‌ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. യോഗ്യതാറൗണ്ടിലെ കളികളില്‍ അര്‍ജന്റീനക്ക്‌ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. എങ്കിലും ദീഗോ പറയുന്നു ഇപ്പോഴത്തെ റ്റീം 1986ലെതിനേക്കാള്‍ മികച്ചതാണ്‌. മെസ്സിയുടെ  ഇളംശിങ്കപ്പട അതുതെളിയിക്കുമെന്നുതന്നെയാണ്‌ അവരുടെ മിശിഹായെപ്പോലെ ലോകമെമ്പാടുമുള്ള ആരാധകരുടെയും പ്രതീക്ഷ. കളിക്കുന്നവനായാലും, കളിപ്പിക്കുന്നവനായാലും പടച്ചവനു തിരിയാത്ത വേലയുണ്ടോ?

ജൂണ്‍ 2010 ൽ 
ദില്ലിപോസ്റ്റിൽ പ്രസിദ്ധീകരിച്ചത്